ഈശ്വരാ രക്ഷിക്കണേ

“ഈശ്വരാ രക്ഷിക്കണേ!”

നിർമ്മാല്യം തൊഴുവാൻ നിന്ന ഭക്തൻ നാരായണന്റെ ശബ്ദത്തിലുള്ള ആത്മവിശ്വാസം കണ്ടു ഈശ്വരൻ ഒന്ന് ശ്രദ്ധിച്ചു നോക്കി.

“ഈശ്വരാ രക്ഷിക്കണേ!, വെറുതെ വേണ്ടട്ടോ ഈശ്വരാ, ഈശ്വരന് ഒരാവശ്യം വരുമ്പോൾ ഞാനുണ്ട്, ഞങ്ങൾ ഭക്തർ ഉണ്ട്”.

എന്നും നിർമ്മാല്യം തൊഴാൻ വരുന്ന, നാഴികക്ക് നാല്പതുവട്ടം ഈശ്വരാ രക്ഷിക്കണേ, എന്നുപറയുന്ന നാരായണന്റെ വാക്കുകൾ കേട്ട് ഈശ്വരൻ ഒന്ന് ഞെട്ടി. വീണ്ടും നാരായണൻ തുടർന്നു.

“ഈശ്വരാ രക്ഷിക്കണേ! വെറുതെ വേണ്ടാട്ടോ ഈശ്വരാ, നാളെ ഈശ്വരന് ഒരാവശ്യം വരുമ്പോൾ ഞാനുണ്ട് ഞങ്ങൾ ഭക്തർ ഉണ്ട്”

ഈശ്വരന് സഹിക്കാൻ കഴിഞ്ഞില്ല. അവസാനം രണ്ടും കല്പിച്ച് ചോദിച്ചു.

“എന്തൂട്ടാടാ ശവി നീ പറയണേ?”

നാരായണൻ തിരിച്ചുചോദിച്ചു?

“അപ്പോൾ ഈശ്വരൻ നാട്ടിൽ നടക്കുന്നതോന്നും അറിയുന്നില്ല?”

“അതൊക്കെ ഞാനറിയുന്നുണ്ട്. നീയെൻറ ആളാണെങ്കിൽ പിന്നെന്തിനാ പള്ളി നിൽക്കുന്നിടത്ത് അമ്പലം പണിയണ്ട കാര്യം സുപ്രീം കോടതി തീരുമാനിക്കട്ടെ”, എന്ന് നീ പറഞ്ഞത്.

“ഈശ്വരാ അതൊക്കെ എൻറെ ഒരു നമ്പറല്ലേ?’

“എന്തൂട്ടാടാ നീ പറയണേ? എന്താ ഈ നമ്പർ?”

“ഈശ്വരന് ഓർമ്മയില്ലേ, നമ്മൾ പണ്ട് ക്രിക്കറ്റ് കളിക്കാറുള്ളപ്പോൾ, ഞാൻ ടോസ് ഇടുപ്പോൾ എന്താ പറയാറ്,”

“തല വീണാൽ നമ്മൾ ജയിക്കും. വാൽ വീണാൽ അവർ തോൽക്കും”.

“അപ്പോൾ, നാരായണ അങ്ങനെയാണോ നീ എപ്പോഴും വിജയിച്ചിരുന്നത്”

“അല്ലാ പിന്നെ?, ഈ ശവികൾക്ക് ഒന്നുമറിയില്ല ഈശ്വരാ”.

“കോടതിവിധി അനുകൂലമായി വന്നാൽ നമ്മൾ അവിടെ അമ്പലം പണിയും. അഥവാ വിപരീതമായി വന്നാൽ, പിന്നെ നമ്മുടെ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും എതിരായി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ?”

“ഈശ്വരന് മനസ്സിലായില്ലേ, എന്താ ചെയ്യേണ്ടതെന്ന്?”

“അതാ പറഞ്ഞത് അതൊരു ഒരുനമ്പറാണ് എന്ന്”.

“ഈശ്വരൻ ധൈര്യമായിട്ട് ഇരിക്ക്. ഈശ്വരന് ഞങ്ങളുണ്ട്”.

നാരായണൻ വീണ്ടും വിളിച്ചു പറഞ്ഞു.

“ഈശ്വരാ രക്ഷിക്കണേ!,
വെറുതെ വേണ്ടാട്ടോ, ഈശ്വരന് ഒരു ആവശ്യം വന്നാൽ ഞാനുണ്ട്, ഞങ്ങൾ ഭക്തർ ഉണ്ട്”.

പ്രണയം മഴയായി പെയ്‍തപ്പോൾ

ഒന്നും അറിയാതെ
പുഴ ഒഴുകുകയായിരുന്നു.
മുകളിൽ നിന്ന് താഴേക്ക്,
ആഴങ്ങളിൽ ചൂഴിയും,
മുകളിൽ ശാന്തതയും,
തീരങ്ങളിൽ തഴുകിയും,
ഒന്നും അറിയാതെ
പുഴ ഒഴുകുകയായിരുന്നു.

കുളങ്ങളിൽ വെള്ളം കെട്ടി നിന്നു.
കിണറുകളിൽ വെള്ളം കെട്ടി നിന്നു.
ഒന്നും അറിയാതെ, പുഴ മാത്രം
ഒഴുകുകയായിരുന്നു.

കിണറുകളിൽ വെള്ളം
താഴേനിന്ന് മുകളിലേക്ക്
ഉയർന്ന് വന്നു.
ദാഹിക്കുന്നവൻ
കിണർ തേടി വന്നു.
ഒന്നും അറിയാതെ, പുഴ മാത്രം
ദാഹിക്കുന്നവനെ തേടി,
ഒഴുകുകയായിരുന്നു.

ഒരുനാൾ പുഴയും
കിണറും കണ്ടുമുട്ടി.
അന്ന് പ്രളയം വഴിമുട്ടിച്ചവർ,
മട്ടുപ്പാവുകൾക്കു മുകളിൽ,
കയറിനിന്നപ്പോൾ,
കിണറും, പുഴയും, കുളവും,
ഇണചേർന്ന് നിന്നു.
മാലോകർ അത് കണ്ട്
അന്തം വിട്ട് നിന്നു.

ആദ്യം പുഴ
കിണറ്റിലേക്ക് ഒഴുകി.
പിന്നെ കിണർ പുഴയിൽ ലയിച്ചു.
ആദ്യം പുഴ
കുളത്തിലേക്ക് ഒഴുകി.
പിന്നെ കുളം പുഴയിൽ ലയിച്ചു.

കുളവും കിണറും
പുഴയിൽ അമർന്നു.
അപ്പോഴും, ഒന്നും അറിയാതെ
പുഴ മാത്രം ഒഴുകുകയായിരുന്നു.

പ്രണയം മഴയായി
പെയ്തപ്പോൾ, പുഴ
കുളം, കിണർ, എല്ലാം പുണർന്നു.
കാമം കരകവിഞ്ഞു
ഒഴുകിയപ്പോൾ, പിന്നെ
അവളൊരു കടലായി.

പോഴത്ത്‌ നാരായണൻ കുട്ടി

നാരായണന്റെ നായ

 

പതിനേഴ്‌മാസമായി
ഞാനൊരു
നായയെ വളർത്തി.
ഉന്നതകുല ജാതൻ
നാട്ടുകാർക്ക് അത്ഭുതം
നായയും നാരായണനും
നരനാരായണന്മാർ.

ഇന്നലെ
ഞാനും നായയും
നാലണക്കു മീൻ വാങ്ങി.
നടുമുറ്റത്ത്‌ മീൻ വച്ച്
നായയെ കാവൽ നിർത്തി
ഞാൻ അകത്തുപോയി.
കത്തിയും ചട്ടിയുമായി
വന്നപ്പോൾ,
മീനില്ല, നായയില്ല.

നാലുപാടും നോക്കിയപ്പോൾ,
നാല് കാതമകലെ
മീൻ നക്കി
നില്ക്കുന്നു നായ.
ഇതികർത്തവ്യതാമൂഢനായി
നായയെ ഞാനൊന്നു നോക്കി
“ഞാനൊന്നും അറിഞ്ഞില്ല നാരായണ”യെന്നമട്ടിൽ
നായയും എന്നെ നോക്കി.

നാലണ പോയാലും
നായയുടെ ശീലം
മനസ്സിലായി.

പ്രേതബാധ

 

പ്രേതങ്ങളായി വന്ന് 
പകപോക്കി കാരണവന്മാർ. 
കാലങ്ങളായി പ്രതിവിധി 
ചെയ്തവർ, ജാതകദോക്ഷം
തീർത്തിട്ടും,ചാപിള്ള
പിറന്നപ്പോൾ വീണ്ടും
പ്രേതങ്ങളെ തേടി അലഞ്ഞവർ,
കാലങ്ങളായി അറിയാത്ത
കാരണങ്ങൾക്ക് അർത്ഥം കണ്ടു ഞാൻ
കാലങ്ങൾ കഴിഞ്ഞപ്പോൾ.

പ്രേതങ്ങളായി വന്ന് 
പകപോക്കി കാരണവന്മാർ.
വിരമിച്ചനാഥന്മാർ 
കോടതികൾ കയറിയിറങ്ങി 
കേസും കൂട്ടവുമായി,
വിവരവകാശപ്രവർത്തകരായി,
എന്റെ കമ്പനിക്ക് 
തലവേദനയായി വന്നപ്പോൾ 
മരിച്ചകാരണവന്മാർ 
പ്രേതങ്ങളായി വന്ന് 
ബാധകളായി മാറുന്ന 
ഗുരുവാക്യം മനസ്സിലായി.

അസംതൃപ്തരായി മരിച്ച 
കാരണവന്മാർ, ആണ്ടുതോറും 
ഉദകക്രിയകൾ ചെയ്യാത്ത 
കുടുംബങ്ങളിൽ പ്രേതങ്ങളായി 
വരുമെന്ന അന്ധവിശ്വാസം 
വിശ്വാസമായി ഭവിച്ചു .

അസംതൃപ്തരായി വിരമിച്ച 
കാരണവന്മാർ, കേസും കൂട്ടവുമായി 
വിവരാവകാശ പ്രവർത്തകരായി 
എന്റെ കമ്പനിയിൽ 
പ്രേതങ്ങളായി അലയുന്നു.
ഈ പ്രേതങ്ങൾക്ക് പരിഹാരക്രിയ
തേടി ഞാനും അലയുന്നു.

സത്യമാണ്‌ കൊച്ചുനാളിൽ 
കേട്ടത്, പ്രേതങ്ങളും 
ബാധകളും, സത്യമാണ് 
ചാപിള്ള പിറക്കുന്നതും,
കൊച്ചിന് അപസ്മാരം 
വരുന്നതും പ്രേതങ്ങൾ 
തന്നെ കാരണങ്ങളാണ്.
പരിഹാരക്രിയകൾ മാത്രം 
ശാന്തിയാണ് മനസ്സിന്.

വല്യച്ഛൻ

അവൻ എന്റെ അരികിൽ
നിശബ്ദനായി നിന്നു .
കഴിഞ്ഞവർഷം കണ്ട
സന്തോഷം അവനിൽ കണ്ടില്ല.

മിഴികൾ ഇടയുമ്പോൾ
അവൻ മുഖം തിരിച്ചു .
അവൻ എന്റെ നരച്ച
താടിയിൽ തിരഞ്ഞതെന്താണ്.

കാലത്തിന്റെ കളവുകൾ
അവനു മനസ്സിലായി തുടങ്ങി .
വല്യച്ഛനും അവനുമിടിയിൽ
ആ ദൂരത്തിന്റെ കാരണം.

ഇന്ന് ആ മിഴികളിൽ എന്റെ മുഖം
ഒരു നഷ്ടബോധത്തിന്റ, ആരൊക്കെയോ
അവനു നഷ്ടപ്പെടുത്തിയ ഒരു
വല്യച്ഛന്റെ സ്നേഹമാണ്.

ഉണ്ണി, ഞാൻ നിന്നോട്
കടപ്പെട്ടിരിക്കുന്നു,
ഒരിക്കലും തീരാത്ത കടം.
നിന്റെ ബാല്യത്തിനോട്,
നിന്നെ മടിയിലിരുത്തി
പറയാത്ത കഥകളോട്,
നിന്റെ ഉത്തരമില്ലാത്ത
അനവധി ചോദ്യങ്ങളോട്
വല്യച്ഛൻ നിന്നോട്,
കടപ്പെട്ടിരിക്കുന്നു.

ഒരു വയസ്സന്റെ തീരാമോഹങ്ങൾ

ഒരു വയസ്സന്റെ
തീരാമോഹങ്ങൾ
തിരമാലകളെപോലെ
മനസ്സിന്റെ തീരത്തു
അലമാലകളായി
വന്ന് വീണ്ടും വീണ്ടും
വീണു തകരുന്നത്
നിസ്സഹയനായി
നോക്കിനിന്നു മനസ്സ്.

ഇനിവരും വർഷങ്ങൾ,
വഴികൾ, പറയാത്ത
വാക്കുകൾ, മറയാത്ത
മിഴികൾ, വീണ്ടും
കാണാമെന്ന് വെറുതെ
തോന്നിയ മോഹങ്ങൾ.
പ്രണയങ്ങൾ, കലഹങ്ങൾ,
പിന്നെ പറയാത്ത
പരിഭവങ്ങൾ.

ആരാണ് ഭീകരൻ.

ആരാണ് ഭീകരൻ.
വേദാനുസാരം
ആറു ഭീകരന്മാർ.

വിഷം കൊടുക്കുന്നവൻ,
പുരയ്ക്കു തീ കൊടുക്കുന്നവൻ,
മാരകായുധം കൊണ്ട്
അക്രമിക്കുന്നവൻ,
മറ്റുള്ളവന്റെ ധനം
അപഹരിക്കുന്നവൻ,
മറ്റുള്ളവന്റെ ഭൂമി
അപഹരിക്കുന്നവൻ,
മറ്റുള്ളവന്റ് സ്ത്രീയെ
അപഹരിക്കുന്നവൻ.

ധനം,ഭൂമി,സ്ത്രീ
ഇവ മറ്റുള്ളവന്റെ
അപഹരിക്കുന്നവൻ.
ഇതൊന്നു ഒന്നിച്ചു
പറഞ്ഞാൽ മറ്റുള്ളവന്റെത്
അപഹരിക്കുന്നവൻ.
വിഷം,തീ,മരകായുധം
കൊണ്ട് അക്രമിക്കുന്നവൻ,
ഇതൊന്നു ഒന്നിച്ചു
പറഞ്ഞാൽ, മറ്റുള്ളവനെ
നശിപ്പിക്കുന്നവൻ.

അപ്പോൾ ആരാണ്
ഭീകരൻ.
മറ്റുള്ളവന്റെത്
അപഹരിക്കുന്നവൻ.
മറ്റുള്ളവനെ
നശിപ്പിക്കുന്നവൻ.

ഇനി ഭീകരനെ തേടി
അലയേണ്ട.

എന്റെ താടി

എന്റെ താടി
എന്റെ സ്വന്തം
ഇതിൽ മാലോകർക്ക്
എന്ത് കാര്യം.

നരച്ച താടിയിലും,
കറുത്ത നിറംകൊടുത്ത
ശിരസ്സിലും ഞാൻ
മാറി മാറി നോക്കി.

വൈരുദ്ധ്യങ്ങളുടെ
ഭാവഭേദങ്ങൾ ഞാൻ
അതിൽ കണ്ടു.

വിടപറഞ്ഞ കാലം
ഇനിയും ശിരസ്സിലേറ്റുമ്പോൾ
ആഗതമായ സന്ധ്യ
ഞാൻ എന്റെ
താടിയിൽ കണ്ടു.

ഇനി എത്ര നുണ
പറഞ്ഞാലും, എത്ര
ചായം തേച്ചാലും,
തിരിച്ചുവരാത്ത കഴിഞ്ഞ
കാലത്തിന്റെ ഭാരം ചുവന്ന്
ചുളിവുകൾ
വീണ കവിളുകൾ,
മറയ്ക്കുന്ന, ഈ നരച്ചതാടി
കാലക്രമേണ എന്റെ
തിരിച്ചറിയൽ
കാർഡ് ആകും.

ഇന്ന് താടിയെടുക്കാന്
പറയുന്നവർ നാളെ
താടി വടിച്ചാൽ
“അയ്യോ, എന്ത് കോലം ”
എന്ന് പറയും.

എന്റെ താടി
എന്റെ സ്വന്തം
ഇതിൽ മാലോകർക്ക്
എന്ത് കാര്യം.

ശിക്ഷ

ഈ ശിക്ഷക്ക്
ഞാൻ അര്ഹനല്ലെന്നു
ഞാൻ പറയുന്നില്ല.
പക്ഷെ ഈ കുറ്റം
ഞാൻ ചെയ്തിട്ടില്ല .
ഇതിലും വലിയ
തെറ്റുകൾ ചെയ്‍തപ്പോൾ
എന്നെ പിടിക്കാൻ
കഴിയാത്ത കിരാത
പകൽമാന്യ മാര്ജാരവർഗ്ഗം
ഇന്നീചെയ്യാത്ത കുറ്റത്തിന്
എന്നെ കഴുവിലേറ്റുന്നു.

നാളെ അയാൾ
വരും, പറയും
“അയാളാണ് ഈ കുറ്റം
ചെയ്‍തതെന്നു, അപ്പോൾ
എനിക്ക് തരാൻ നീതിയുടെ
ചെങ്കോൽ, താഴെ വച്ച്
ഇറങ്ങുന്ന നിങ്ങളുടെ
സിംഹാസനം
മതിയാകാതെ പോകും.”

ഈ കാര്യം
എനിക്കും അറിയാം.
എനിക്ക് മുകളിലുള്ള
കോടതിയിൽ നിങ്ങള്ക്ക്
നീതി ലഭിക്കട്ടെ.

സുഹൃത്ത്‌

അയാൾ ബസ്സിൽ
നിന്ന് ഇറങ്ങി.
മുന്നിൽ നിർത്തിയിട്ട
കാറിലേക്ക് നോക്കാതെ
അയാൾ നടന്നു നീങ്ങി.
കാറിന്റ ഗ്ലാസ്
തുറന്ന് ആ മനുഷ്യൻ
വിളിച്ചു, “വരൂ
ഞാൻ നിങ്ങള്ക്ക്
വേണ്ടിയാണ് നിന്നത്.”
ഞാൻ സാറിനെ
കണ്ടിരുന്നില്ല.
“പക്ഷെ ഞാൻ നിങ്ങളെ
കണ്ടിരുന്നു.”
“ഞാൻ ബസ്സിറങ്ങുന്നത്
സാറ് കണ്ടിരുന്നുവല്ലേ?”
നമ്മൾ കണ്ടില്ലെങ്കിലും
നമുക്ക് വേണ്ടി
കാത്തുനിൽക്കുന്നവരല്ലേ
നമ്മുടെ സുഹൃത്തുക്കൾ!
അപ്പോൾ ഞാൻ
നിങ്ങളുടെ സുഹൃത്താണ് .